Sunday, November 23, 2008

കണ്ണൂരില്‍ പുതിയ ബസ് സ്റ്റാന്റ്....


തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിലെ താവക്കരയില്‍ നിര്‍മ്മിക്കുക, നടപ്പാക്കുക, കൈമാറുക (ബി.ഒ.ടി.) വ്യവസ്ഥയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബസ്‌ടെര്‍മിനല്‍ ഉദ്‌ഘാടനം ചെയ്തു. കണ്ണൂര്‍ നഗരസഭ ഏറ്റെടുത്ത സ്ഥലത്ത് കെ.കെ.ബില്‍ഡേഴ്സ് എന്ന സ്ഥാപനമാണ് 30 കോടിയില്‍പ്പരം രൂപ ചിലവു വന്നിട്ടുള്ള ഈ ബസ് ടെര്‍മിനല്‍ കോം‌പ്ലക്സ് നിര്‍മ്മിച്ചത്. കണ്ണൂര്‍ എം.എല്‍.എ കെ.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ബസ് ടെര്‍മിനല്‍ കോം‌പ്ലക്സും, ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഷോപ്പിംഗ് കോപ്ലക്സുകളും ഉദ്ഘാടനം ചെയ്തു.

ജനത്തിരക്കുമൂലം ശ്വാസം മുട്ടുന്ന കണ്ണൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്റ് വികസിപ്പിക്കാനാവാത്ത സ്ഥിതിയിലാണ് താവക്കരയില്‍ പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മിക്കാന്‍ ആലോചിച്ചത്. കേരള സര്‍ക്കാരിന്റെ സംയുക്ത സംരംഭമായ ഐ.സി.ഐ.സി.ഐ കിന്‍ഫ്രയാണ്‌ രൂപരേഖ തയ്യാറാക്കി പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം വഹിച്ചത്‌. ഐ.സി.ഐ.സി.ഐ കിന്‍ഫ്രയുടെ കണ്ണൂര്‍ക്കാരനായ എം.ഡി. ശരത് ചന്ദ്രന്റെ പ്രത്യേക താല്പര്യം ഈ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ആര്‍കോണിലെ ദീപക് ആണ് ഇതിന്റെ ആര്‍ക്കിടെക്റ്റ്.

ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചാണ് പദ്ധതിയുടെ ബി.ഒ.ടി നടത്തിപ്പുകാരായി കെ.കെ.ബില്‍ഡേര്‍സിനെ തിരഞ്ഞെടുത്തത്‌. ആകെ 4 സ്ഥാപനങ്ങളാണ് പദ്ധതിയുടെ നടത്തിപ്പിനായി മുന്നോട്ട് വന്നിരുന്നത്. ബസ്‌ ടെര്‍മിനല്‍ ബ്‌ളോക്ക്‌, ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍, ഗസ്റ്റ്‌ ഹൗസ്‌, തൊഴിലാളികള്‍ക്കുവേണ്ടിയുള്ള വിശ്രമമുറികള്‍, പേ & യൂസ് ടോയ്ലറ്റുകള്‍, പോലീസ്‌ എയ്‌ഡ്‌ പോസ്റ്റ്‌ എന്നിവ അടങ്ങുന്നതാണ്‌ ഈ പ്രൊജക്‌ട്‌.

ഈ ബസ് ടെര്‍മിനല്‍ കോം‌പ്ലക്സിന്റെ ഏറ്റവും പ്രധാന സവിശേഷത വനിതാ യാത്രക്കാര്‍ക്കായി ഒരു ഡോര്‍മിറ്ററി തയ്യാറാക്കിയിട്ടുണ്ടെന്നുള്ളതാണ്. അസമയത്ത് ബസ്സ് സ്റ്റാന്റുകളില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെല്ലായിടത്തും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ബസ് ടെര്‍മിനല്‍ കോം‌പ്ലക്സിന്റെ ഉദ്ഘാടനം ഇന്നു നടന്നെങ്കിലും അടുത്ത ഞായറാഴ്ച മാത്രമേ ഇവിടെ നിന്നും ബസ് സര്‍വ്വീസ് ആരംഭിക്കുകയുള്ളൂ. പുതിയ ബസ് സ്റ്റാന്റ് വരുന്നതോടു കൂടി പഴയ ബസ് സ്റ്റാന്റിലെ കച്ചവടം കുറയുമെന്ന ഭീതിയില്‍ പ്രതിഷേധ സമരങ്ങളുമായി വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഈ ആവശ്യമുന്നയിച്ച് കണ്ണൂര്‍ ടൌണില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. പുതിയ ബസ് സ്റ്റാന്റ് വരുന്നതോടു കൂടി യാത്രക്കാര്‍ക്ക് രണ്ടു ബസ്സ് സ്റ്റാന്റുകള്‍ക്കുമിടയില്‍ നെട്ടോട്ടമോടേണ്ടി വരുമെന്ന ഭീതിയുമുണ്ട്. ഏതൊക്കെ ബസ്സുകള്‍ എവിടെയൊക്കെ നിന്ന് ആരംഭിക്കുമെന്ന കാര്യത്തിലും ഇനിയും അവസാന തീരുമാനമായിട്ടില്ല.

ഇതൊക്കെയാണെങ്കിലും കേരളത്തിലിന്നുള്ളതിലേറ്റവും മനോഹരവും വിശാലവുമായ ബസ്സ് സ്റ്റാന്റായിരിക്കും ഇതെന്നതില്‍ സംശയമില്ല, ഒപ്പം ഏറ്റവും ചുരുങ്ങിയ കാലയളവുകൊണ്ട് പൂര്‍ത്തിയാക്കിയ പദ്ധതിയും.

15 comments:

കണ്ണൂരാന്‍ - KANNURAN said...

കണ്ണൂരില്‍ പുതിയ ബസ് സ്റ്റാന്റ്....

ശ്രീലാല്‍ said...

ഏ ഇവറേ, ശ്രീകണ്ഠാപുരത്തേക്കുള്ള ബസ്സ് ഏടിയാ ബെര്വാ ..? :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതെപ്പ സംഭവിച്ചു!!! പേപ്പറിലൊന്നും കണ്ടില്ലാലോ?

Lathika subhash said...

“ഈ ബസ് ടെര്‍മിനല്‍ കോം‌പ്ലക്സിന്റെ ഏറ്റവും പ്രധാന സവിശേഷത വനിതാ യാത്രക്കാര്‍ക്കായി ഒരു ഡോര്‍മിറ്ററി തയ്യാറാക്കിയിട്ടുണ്ടെന്നുള്ളതാണ്. അസമയത്ത് ബസ്സ് സ്റ്റാന്റുകളില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെല്ലായിടത്തും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.”
ഇതിന്റെ നടത്തിപ്പും കൂടി നന്നായാല്‍
വളരെ നല്ല കാര്യമായിരുന്നു.

യാരിദ്‌|~|Yarid said...

ആരാ ശ്രീകണ്‌ഠപുരത്തെക്കുറിച്ച് ഇവിടെ അന്വേഷിച്ചതു...;)?

Cartoonist Gireesh vengara said...

പത്രത്തില്‍ കണ്ടു....

കൊച്ചുത്രേസ്യ said...

അദന്നെ സീർലാലേ.. ശ്രീണ്ടാപ്‌രം ബസ്‌ ഏടെയാ ഇട്വാ? യാരിദേ ങ്ങളും ആട്‌ത്തേക്കന്ന്യാ??
എനക്ക്‌ ആട്‌ത്തോളം പോണ്ട.. ബയ്‌ക്ക്‌ന്ന്‌ കീയും...

കണ്ണൂരാനേ ഈ വാർത്ത അറിയിച്ചതിനു നന്ദി. അല്ലെങ്കിൽ ചിലപ്പോ കണ്ണൂര്‌ ബസ്‌സ്റ്റാൻഡിനുമുന്നിൽ ചെന്ന്‌ 'യ്യോ.. നിന്ന നിൽപ്പിൽ ഈ ബസ്‌സ്റ്റാൻഡിതെങ്ങോട്ടു പോയി!!" എന്ന്‌ അന്തം വിട്ട്‌ നിന്നേനേ..

സന്തോഷ്‌ കോറോത്ത് said...

മട്ടന്നൂര്‍ ബസ്സ് ഏട്ന്നാ കേരണ്ടേ :) ?

കണ്ണൂരാന്‍ - KANNURAN said...

യേ ഇഷ്ട ശിറിയേ, ശ്രീണ്ഠാപുരത്തേക്ക് പോന്ന ബസ്സ് ഞമ്മക്ക് ബേണംന്ന് കെകെയും ബിടൂല്ലാന്ന് പയേ ബസ്റ്റാന്റിലെ കച്ചോടക്കാരും, പിടിവലീല് ഇതുബരെ തീരുമാനായിട്ടില്ല,ആയിറ്റാമ്പം പറയാട്ടാ..

ചാത്തോ: ആരും അറിഞ്ഞില്ല ഇതു, താവക്കരേലേ ഒരു മൂലേലാ, ന്നാലും സംഭവം ഗംഭീരായ്റ്റ്ണ്ട്..

ലതി: നടത്തിപ്പും നന്നാവുമെന്ന് പ്രതീക്ഷിക്കാം. പോലീസ് എയ്ഡ് പോസ്റ്റും ഉണ്ട്.

യാരിദേ: ഇതു ശ്രീകണ്ഠാപുരമാ, കണ്ഠപുരമല്ല...

കൊച്ചുത്രേസ്യേ: ബയ്ക്കാ കീന്നെങ്കില് പയേ സ്ഥലത്ത്ന്ന് തന്ന്യാ ബസ്സ്.. ബടക്കോട്ടുള്ള പയങ്ങാടി, മാട്ടൂല്‍, പയ്യന്നൂര്‍, കസ്രോഡ് ഒക്കെ പയ്യേ സ്ഥലത്തന്നെ.. ഇരിട്ടി, മട്ട്നൂര്, കോയിക്കോട് ഒക്കെ പുത്യേടത്തും.

കോറോത്തെ: മട്ടന്നൂര്‍ ബസ്സ് പിടിക്കാന്‍ താവക്കര തന്നെ പോണ്ടി വരും...

ന്തായാലും ഞാറാഴ്ച കയിഞ്ഞിറ്റ് എല്ലാം പറയാം, എന്താവുന്ന്... കൊയപ്പം തീരട്ടെ ആദ്യം.

സന്തോഷ്‌ കോറോത്ത് said...

ഹൊ..മെനക്കേടായല്ലോ!!എനിയിപ്പം ആടത്തംബരെ പോണ്ടേ!

poor-me/പാവം-ഞാന്‍ said...

Sharing the happiness of all kannurians.

Unknown said...

പോസ്റ്റ് നന്നായി കണ്ണൂരാനേ ....

ആദര്‍ശ്║Adarsh said...

കൊയപ്പം എന്നും തീര്‍ന്നില്ല കെട്ടോ...

സങ്കൽ‌പ്പങ്ങൾ said...

ha..ha.kollam

Unknown said...

Kannurane thaangalude 'engane malayalathil blogam' vaangi vaayichu good bestwishes