Sunday, November 23, 2008

കണ്ണൂരില്‍ പുതിയ ബസ് സ്റ്റാന്റ്....


തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിലെ താവക്കരയില്‍ നിര്‍മ്മിക്കുക, നടപ്പാക്കുക, കൈമാറുക (ബി.ഒ.ടി.) വ്യവസ്ഥയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബസ്‌ടെര്‍മിനല്‍ ഉദ്‌ഘാടനം ചെയ്തു. കണ്ണൂര്‍ നഗരസഭ ഏറ്റെടുത്ത സ്ഥലത്ത് കെ.കെ.ബില്‍ഡേഴ്സ് എന്ന സ്ഥാപനമാണ് 30 കോടിയില്‍പ്പരം രൂപ ചിലവു വന്നിട്ടുള്ള ഈ ബസ് ടെര്‍മിനല്‍ കോം‌പ്ലക്സ് നിര്‍മ്മിച്ചത്. കണ്ണൂര്‍ എം.എല്‍.എ കെ.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ബസ് ടെര്‍മിനല്‍ കോം‌പ്ലക്സും, ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഷോപ്പിംഗ് കോപ്ലക്സുകളും ഉദ്ഘാടനം ചെയ്തു.

ജനത്തിരക്കുമൂലം ശ്വാസം മുട്ടുന്ന കണ്ണൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്റ് വികസിപ്പിക്കാനാവാത്ത സ്ഥിതിയിലാണ് താവക്കരയില്‍ പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മിക്കാന്‍ ആലോചിച്ചത്. കേരള സര്‍ക്കാരിന്റെ സംയുക്ത സംരംഭമായ ഐ.സി.ഐ.സി.ഐ കിന്‍ഫ്രയാണ്‌ രൂപരേഖ തയ്യാറാക്കി പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം വഹിച്ചത്‌. ഐ.സി.ഐ.സി.ഐ കിന്‍ഫ്രയുടെ കണ്ണൂര്‍ക്കാരനായ എം.ഡി. ശരത് ചന്ദ്രന്റെ പ്രത്യേക താല്പര്യം ഈ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ആര്‍കോണിലെ ദീപക് ആണ് ഇതിന്റെ ആര്‍ക്കിടെക്റ്റ്.

ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചാണ് പദ്ധതിയുടെ ബി.ഒ.ടി നടത്തിപ്പുകാരായി കെ.കെ.ബില്‍ഡേര്‍സിനെ തിരഞ്ഞെടുത്തത്‌. ആകെ 4 സ്ഥാപനങ്ങളാണ് പദ്ധതിയുടെ നടത്തിപ്പിനായി മുന്നോട്ട് വന്നിരുന്നത്. ബസ്‌ ടെര്‍മിനല്‍ ബ്‌ളോക്ക്‌, ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍, ഗസ്റ്റ്‌ ഹൗസ്‌, തൊഴിലാളികള്‍ക്കുവേണ്ടിയുള്ള വിശ്രമമുറികള്‍, പേ & യൂസ് ടോയ്ലറ്റുകള്‍, പോലീസ്‌ എയ്‌ഡ്‌ പോസ്റ്റ്‌ എന്നിവ അടങ്ങുന്നതാണ്‌ ഈ പ്രൊജക്‌ട്‌.

ഈ ബസ് ടെര്‍മിനല്‍ കോം‌പ്ലക്സിന്റെ ഏറ്റവും പ്രധാന സവിശേഷത വനിതാ യാത്രക്കാര്‍ക്കായി ഒരു ഡോര്‍മിറ്ററി തയ്യാറാക്കിയിട്ടുണ്ടെന്നുള്ളതാണ്. അസമയത്ത് ബസ്സ് സ്റ്റാന്റുകളില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെല്ലായിടത്തും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ബസ് ടെര്‍മിനല്‍ കോം‌പ്ലക്സിന്റെ ഉദ്ഘാടനം ഇന്നു നടന്നെങ്കിലും അടുത്ത ഞായറാഴ്ച മാത്രമേ ഇവിടെ നിന്നും ബസ് സര്‍വ്വീസ് ആരംഭിക്കുകയുള്ളൂ. പുതിയ ബസ് സ്റ്റാന്റ് വരുന്നതോടു കൂടി പഴയ ബസ് സ്റ്റാന്റിലെ കച്ചവടം കുറയുമെന്ന ഭീതിയില്‍ പ്രതിഷേധ സമരങ്ങളുമായി വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഈ ആവശ്യമുന്നയിച്ച് കണ്ണൂര്‍ ടൌണില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. പുതിയ ബസ് സ്റ്റാന്റ് വരുന്നതോടു കൂടി യാത്രക്കാര്‍ക്ക് രണ്ടു ബസ്സ് സ്റ്റാന്റുകള്‍ക്കുമിടയില്‍ നെട്ടോട്ടമോടേണ്ടി വരുമെന്ന ഭീതിയുമുണ്ട്. ഏതൊക്കെ ബസ്സുകള്‍ എവിടെയൊക്കെ നിന്ന് ആരംഭിക്കുമെന്ന കാര്യത്തിലും ഇനിയും അവസാന തീരുമാനമായിട്ടില്ല.

ഇതൊക്കെയാണെങ്കിലും കേരളത്തിലിന്നുള്ളതിലേറ്റവും മനോഹരവും വിശാലവുമായ ബസ്സ് സ്റ്റാന്റായിരിക്കും ഇതെന്നതില്‍ സംശയമില്ല, ഒപ്പം ഏറ്റവും ചുരുങ്ങിയ കാലയളവുകൊണ്ട് പൂര്‍ത്തിയാക്കിയ പദ്ധതിയും.

Sunday, September 28, 2008

നാമെന്താ ഗിനിപന്നികളോ?

ജനിതക വ്യതിയാനം വരുത്തിയ പച്ചക്കറികളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ത്യയിലേക്ക്..


മണി മുഴങ്ങിക്കഴിഞ്ഞു, ഇനി താമസമില്ല, ജനിതക വ്യത്യയാനം വരുത്തിയ പച്ചക്കറികളും ഭക്ഷണപദാര്‍ത്ഥങ്ങളും നിര്‍മ്മിക്കുന്ന ബഹുരാഷ്ട്രകുത്തകളുടെ പരീക്ഷണശാലയായി ഇന്ത്യ മാറാന്‍ പോകുന്നു, നാമെല്ലാം ഗിനിപന്നികളും.

ഇന്ത്യാ ഗവണ്മെന്റിന്റെ ജനിറ്റിക് എഞ്ചിനീയറിംഗ് കമ്മിറ്റിയുടെ അനുമതിയോടെ ജനിതക വ്യത്യയാനം വരുത്തിയ ആദ്യ പച്ചക്കറി ബി.ടി. വഴുതിന (BT Brinjal) പുറത്തിറങ്ങാന്‍ പോവുകയാണ്. അതിനു പിന്നാലെ മറ്റു പച്ചക്കറികളും വിപണിയിലെത്തും. സ്വതന്ത്രമായ പഠനങ്ങള്‍ നടത്താതെ, ബഹു രാഷ്ട്ര കുത്തകളുടെ പഠനങ്ങളുടെ വെളിച്ചത്തിലാണിവ അപകടകാരികളെല്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണ് ജനിതക വ്യതിയാനം എന്ന് മറ്റു രാജ്യങ്ങളിലെ സ്വതന്ത്രപഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഇവ വിപണിയിലിറക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തു നില്പിനെ തുടര്‍ന്ന് അവര്‍ പിന്‍‌വാങ്ങുകയായിരുന്നു. യൂറോപ്പില്‍ നിന്നും പിന്‍‌വാങ്ങിയ കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയെ ലക്ഷ്യമിട്ടിരിക്കയാണ്. ജനിതക വ്യതിയാനം വരുത്തിയ പരുത്തി ഇന്ത്യയില്‍ വിതച്ച നാശം നമുക്കറിവുള്ളതാണ്. നാം നൂറ്റാണ്ടുകളായി കഴിച്ചുവരുന്ന പച്ചക്കറികളുടെ ഗുണനിലവാരം തകര്‍ക്കുക മാത്രമല്ല, അവയെ നശിപ്പിക്കാന്‍ കൂടി കെല്‍പ്പുള്ളവയാകും ജനിതക വ്യത്യയാനം വരുത്തിയ പച്ചക്കറികള്‍.

ഇനിയെന്തു ചെയ്യും?

എല്ലാവരും പ്രതികരിക്കുക മാത്രമാണ് ഏകപോംവഴി. ബിടി പരുത്തി രംഗത്തിറങ്ങിയപ്പോള്‍ അതിനെതിരായി ശക്തമായ പ്രതിഷേധം അഴിച്ചുവിട്ട പട്ടാളി മക്കള്‍ കച്ചിയുടെ പ്രതിനിധിയാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയായ ഡോ.അന്‍പുമണി. അദ്ദേഹത്തെ നേരില്‍ പ്രതിഷേധം അറിയിക്കുവാനായി ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. അതിലൂടെ നാം ഗിനിപന്നികളെല്ലെന്ന് ആദ്ദേഹത്തെ അറിയിക്കാം. വിശദ വിവരങ്ങള്‍ ഇവിടെ കാണാം.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.അന്‍പുമണിയെ പ്രതിഷേധം അറിയിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ തിരുവനന്തപുരത്തെ തണലിലെ ആര്‍.ശ്രീധറിനെ toxicreporter@gmail.com എന്ന വിലാസത്തിലും എസ്.ഉഷയെ ushathanal@gmail.com എന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങള്‍ അറിയിച്ച ജയേട്ടന് നന്ദി.
ചിത്രത്തിനു കടപ്പാട്: http://iamnolabrat.com/

Wednesday, September 17, 2008

വിളിക്കൂ... പത്ത് ഒമ്പത് എട്ട്, രക്ഷിക്കൂ കുട്ടികളെ

കുട്ടികളുടെ വിഷമഘട്ടങ്ങളില്‍ സഹായത്തിനായൊരു ഹെല്‍പ്പ്‌ലൈന്‍, അതാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ 1098. ടോള്‍ഫ്രീയായ ഈ നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.
18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ സൌകര്യം ലഭ്യമാക്കിയിട്ടുള്ളത്. ടെലഫോണിലൂടെയുള്ള കൌണ്‍സലിംഗ് കൂടാതെ വൈദ്യസഹായം, പീഢനങ്ങളില്‍ നിന്നും സംരക്ഷണം, നിയമസഹായം, താമസ സൌകര്യം, സ്പോണ്‍സര്‍ഷിപ്പ് എന്നിവയും ചൈല്‍ഡ് ലൈന്‍ മുഖേന ലഭിക്കും. പ്രധാനമായും ചൈല്‍ഡ് ലൈന്‍ ലക്ഷ്യമിട്ടിരിക്കുന്നത് വിഷമഘട്ടത്തിലുള്ള, അലഞ്ഞു തിരിയുന്ന, ശാരീരിക പീഢനങ്ങള്‍ക്കിരയാവുന്ന, ലൈംഗിക ചൂഷണത്തിനിടയാകുന്ന, അനാഥരും അശരണരുമായ കുട്ടികളെയുമാണ്. ഇത്തരം സംഭവങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍‍ പെട്ടാല്‍ ഇനി വിളിക്കാന്‍ മറക്കേണ്ട 1098.

നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

കേന്ദ്രമാതൃ ശിശു വികസന മന്ത്രാലയത്തിന്റെയും, സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണിവ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 1996 മുംബൈയില്‍ തുടങ്ങിയ ടോള്‍ഫ്രീ ടെലഫോണ്‍ ഹെല്‍പ്പ് ലൈനില്‍ ഇതുവരെ 11 മില്ല്യന്‍ ഫോണ്‍ കോളുകള്‍ ലഭിച്ചു, ഇപ്പോള്‍ 81 നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ചൈല്‍ഡ് ലൈനിനെകുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക.

കണ്ണൂര്‍ ജില്ലയില്‍ ഈ സേവനം ലഭ്യമാക്കാന്‍ സഹായിക്കുന്നത് തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്. കണ്ണൂരില്‍ തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഒരു നൈറ്റ് ഷെല്‍ട്ടര്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതിനകം നിരവധി കുട്ടികളെ കണ്ണൂരിലെ തെരുവുകളില്‍ നിന്നും രക്ഷിച്ചെടുക്കുവാന്‍ ഇവര്‍ക്കായിട്ടുണ്ട്.

Saturday, September 06, 2008

യൂണികോഡ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും

അങ്ങിനെ ഒടുവില്‍ സംസ്ഥാന സര്‍ക്കാരിനു യൂണികോഡിന്റെ പ്രാധാന്യം മനസ്സിലായി. സര്‍ക്കാര്‍ ഓഫീസുകളിലെ കത്തിടപാടുകളും മേലില്‍ യൂണികോഡിലായിരിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുന്നു. പുതിയ വെബ്സൈറ്റുകള്‍ തുടങ്ങുന്നതും യൂണീകോഡിലധിഷ്ഠിതമായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിലവിലുള്ള സൈറ്റുകളിലെ മലയാളം കൂടി യൂണികോഡിലേക്ക് മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഈ ഉത്തരവില്‍ പറയുന്നില്ല. ആസ്കി ഫോണ്ടുകള്‍ യൂണികോഡിലേക്ക് വളരെ എളുപ്പത്തില്‍ മാറ്റിയെടുക്കാമെന്നിരിക്കെ അതിനു കൂടി പ്രാധാന്യം നല്‍കേണ്ടതാണ്. ഉത്തരവ് ഇവിടെ വായിക്കാം.

വാല്‍ക്കഷണം: സര്‍ക്കാര്‍ ഉത്തരവുകളില്ലാത്തതല്ലല്ലൊ നമ്മുടെ പ്രശ്നം, ഇതിനി ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കുമോയെന്ന് കണ്ടു തന്നെ അറിയണം.

Sunday, August 10, 2008

എന്ത്, തേങ്ങപറിക്കാന്‍ ആളില്ലെന്നോ, വിഷമിക്കേണ്ട വെബ് സൈറ്റ് നോക്കൂ

ഇന്നേറ്റവും കൂടുതലായി കേള്‍ക്കുന്നതാണ് തേങ്ങപറിക്കാന്‍ ആളെകിട്ടാനില്ലെന്ന്. തേങ്ങ പറിക്കാന്‍ മാത്രമല്ല, മറ്റു പല ജോലികള്‍ക്കും ആളെ കിട്ടാനില്ലെന്ന പരാതിയുമുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ അക്ഷയ ഒരു പുതിയ വെബ് സൈറ്റ് തുടങ്ങിയിരിക്കുന്നു. എന്റെ ഗ്രാമം. പ്രസ്തുത സൈറ്റില്‍ ഓരോ പഞ്ചായത്തിലെയും തൊഴിലാളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് സംഭരിച്ചിരിക്കുന്നു. പേരും വിലാസവും മാത്രമല്ല, മൊബൈല്‍ നമ്പറുണ്ടെങ്കില്‍ അതുപോലും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അഴീക്കോട്‌, തലശ്ശേരി, ശ്രീകണ്ഠപുരം, പിണറായി, പാപ്പിനിശ്ശേരി, മാലൂര്‍, എരമം-കുറ്റൂര്‍, മുഴപ്പിലങ്ങാട്, പായം, വേങ്ങാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവരങ്ങളാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്.


ഓരോ പഞ്ചായത്ത് പരിധിയിലെയും വാര്‍ത്തകളും, അടിസ്ഥാനവിവരങ്ങളും ഒക്കെ ഈ സൈറ്റില്‍ ലഭ്യമാണ്. ഒപ്പം ലേബര്‍ ബാങ്ക് എന്ന തലക്കെട്ടില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാണ്. വെല്‍ഡര്‍മാര്‍, മാര്‍ബിള്‍ ജോലിക്കാര്‍ തുടങ്ങി തെയ്യം കലാകാരന്മാരുടെ വരെ പേരും ഫോണ്‍ നമ്പറും ഈ സൈറ്റില്‍ കാണാം.


തൊഴിലാളികള്‍ക്കും തൊഴില്‍ദായകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഈ സംരംഭം പ്രശംസനീയം തന്നെ. എത്രയും പെട്ടെന്ന് മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു കൂടി ഇതു വ്യാപിപ്പിക്കും എന്ന് പ്രത്യാശിക്കാം.

(ഈ വിവരം എന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന അമൃതാ ടിവിയിലെ ശ്രീജിത് കെ വാരിയറിനു നന്ദി)

Tuesday, July 22, 2008

ഇനി മുതല്‍ തിരഞ്ഞെടുത്ത ബ്ലോഗ് പോസ്റ്റുകള്‍ മാതൃഭൂമിയില്‍


ബ്ലോഗെഴുത്തിനെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ബ്ലോഗന” എന്നൊരു പുതിയ വിഭാഗം ആരംഭിച്ചിരിക്കുന്നു. ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച സൃഷ്ടികളില്‍ നിന്ന് ഒരു രചന പ്രസിദ്ധീകരിക്കുന്നു. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് എതിരന്‍ കതിരവന്റെ ‘ഇടതോ വലതോ? ഇരട്ട വാലന്റെ ലിംഗ പ്രതിസന്ധി എന്ന പോസ്റ്റാണ്.

ബ്ലോഗുകള്‍ അവഗണിക്കാനാവാത്തവിധം വളര്‍ന്നു കൊണ്ടിരിക്കുന്നു എന്ന വസ്തുതക്ക് ഇത് അടിവരയിടുന്നു. ഇനി മുതല്‍ എല്ലാ ആഴ്ചയും തിരഞ്ഞെടുത്ത ഒരു പോസ്റ്റ് മാതൃഭൂമിയിലൂടെ വായിക്കാം, ബ്ലോഗ് നെറ്റിനു പുറത്തേക്ക് സഞ്ചാരം തുടങ്ങിയിരിക്കുന്നു. മാതൃഭൂമിയുടെ വഴിയേ മറ്റു ആനുകാലികങ്ങളും ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാം.

Tuesday, July 08, 2008

കണ്ണൂര്‍ കോട്ട - കടമ്മനിട്ട കവിതക്കൊരു ചിത്രഭാഷ്യം

കണ്ണൂര്‍ കോട്ട - കടമ്മനിട്ട കവിതക്കൊരു ചിത്രഭാഷ്യം കാണാന്‍ ഇതിലെ പോവുക. ഗൂഗിള്‍ ചതിച്ചു ഇത്തവണ...

Friday, July 04, 2008

ശുദ്ധഹാസ്യ പ്രിയരെ ഈ വഴി പോകൂ...

ബ്ലോഗിലെല്ലാവര്‍ക്കും സുപരിചിതനാണല്ലൊ നിത്യന്‍. രാഷ്ട്രീയ ആക്ഷേപഹാസ്യലേഖനങ്ങളാല്‍ ബൂലോഗത്ത് തന്റേതായ ഒരിടം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിത്യായനമല്ലാതെ മറ്റൊരു ബ്ലോഗ് കൂടിയുണ്ടെന്നറിഞ്ഞതിപ്പോഴാണ്. നിത്യചരിതമെന്ന പേരില്‍ ഉള്ള ഈ ബ്ലോഗില്‍ ഇതു വരെ 3 പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അഗ്രിഗേറ്റര്‍ ദൈവങ്ങള്‍ അദ്ദേഹത്തോട് പിണങ്ങിയിരിക്കുന്നതിനാല്‍ ഇവയൊന്നും പോസ്റ്റ് ചെയ്ത സമയത്ത് കണ്ണില്‍ പെട്ടില്ല താനും. ശുദ്ധ നര്‍മ്മത്തിന്റെ അകമ്പടിയോടെ സരസമായി എഴുതിയിരിക്കുന്നു ഇതിലെ പോസ്റ്റുകളെല്ലാം. പെണ്ണുകാണല്‍ ചരിതവും, അതിര്‍ത്തി വിട്ട പട്ടാളക്കാരനും, ഇളയച്ഛന്റെ കാലുമൊക്കെ നന്നെ രസിപ്പിച്ചു. ഇവ വായിക്കാതെ പോകുന്നത് വലിയ നഷ്ടമായിരിക്കും. ഇതാ നിത്യ ചരിതത്തിലേക്കുള്ള വഴി.

Wednesday, June 18, 2008

ഫയര്‍ഫോക്സ് 3 ഡൌണ്‍‌ലോഡ് തുടങ്ങി...

ഫയര്‍ഫോക്സ് 3 ഡൌണ്‍‌ലോഡ് തുടങ്ങി... വിശദാംശങ്ങളടങ്ങിയ പി.അനൂപിന്റെ പോസ്റ്റിതാ. അഗ്രിഗേറ്ററുകളിലൊന്നും അതു കണ്ടില്ല, അതോണ്ടാ ഈ ചൂണ്ടുപലകയിലിട്ടത്. ഞാനും ഡൌണ്‍‌ലോഡ് ചെയ്തു, ഇനി പൂര്‍ണ്ണമായും ഫയര്‍ഫോക്സിലേക്കു മാറിയാലോന്നാണ് ചിന്തിക്കുന്നത്.

Tuesday, June 10, 2008

പുതിയൊരു ബ്ലോഗ്

വിവിധ സ്ഥലങ്ങളില്‍ വച്ചു നടന്ന ബ്ലോഗ് ശില്പശാലകളില്‍ നിന്നും ഒരുപാടു പേര്‍ ബ്ലോഗിനെ കുറിച്ചു മനസ്സിലാക്കുകയും പിന്നീട് ബ്ലോഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂരില്‍ വച്ചു നടന്ന ശില്‍പശാലയില്‍ നിന്നും ബ്ലോഗിനെ കുറിച്ചു മനസ്സിലാക്കുകയും പിന്നീട് ബ്ലോഗ് ആരംഭിക്കുകയും ചെയ്തൊരു രഞ്ജിത് കുമാറിന്റെ ബ്ലോഗ് ഇതാ...
മരണത്തിന്റെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട രഞ്ജിതിന്റെ സ്മരണകള്‍ ഇവിടെ വായിക്കാം.. നല്ലൊരു ഡോക്കുമെന്ററി ഫിലിം മേക്കറായ അദ്ദേഹത്തിന്റെ ഫിലിമുകള്‍ യൂടൂബിലും കാണാം. അഗ്രിഗേറ്ററുകളില്‍ ഇനിയും ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കാണാത്തതിനാലാണീ ചൂണ്ടു പലക.

Friday, June 06, 2008

മലയാളം കമ്പ്യൂട്ടിങ്ങ് സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍

അങ്ങിനെ ഒടുവില്‍ യൂണിക്കോഡിന്റെ വഴിയില്‍ സര്‍ക്കാരും എത്തിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാള ഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിങ്ങ്. അല്പം വൈകിയാണെങ്കിലും ഈ തിരിച്ചറിവ് സ്വാഗതാര്‍ഹം. പ്രസ്തുത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍ വച്ച് ബഹു. മുഖ്യമന്ത്രി ശ്രീ.അച്ചുതാനന്ദന്‍ നിര്‍വ്വഹിക്കുന്നു. എനിക്കു ലഭിച്ച ക്ഷണപത്രിക താഴെ... (താഴെ ക്ലിക്ക് ചെയ്താല്‍ ക്ഷണപത്രിക വലുതായി കാണാം)


പദ്ധതിയുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി കണ്ണൂരിലാണ് നടപ്പിലാക്കുന്നത്. മലയാളം കമ്പ്യൂട്ടിങ്ങ് പരിപാടിയുടെ വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ്.

Tuesday, May 27, 2008

നിള - ഇന്‍സ്ക്രിപ്റ്റിലെഴുതാന്‍ ഒരു സോഫ്റ്റ്വെയര്‍

ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 3 ശില്പശാലകള്‍ നടക്കുകയുണ്ടായല്ലൊ. മൂന്നിടത്തും മലയാളം എഴുത്തുപകരണങ്ങളെ പരിചയപ്പെടുത്തിയത് ഞാനായിരുന്നു.


ശില്പശാലയില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും ഐ.എസ്.എം. പരിചയമുണ്ടായിരുന്നു (ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ്). അവരുടെ നിരവധി രചനകള്‍ ASCI ഫോര്‍മാറ്റില്‍ സംഭരിച്ചു വച്ചിട്ടുമുണ്ടായിരുന്നു. അവ എങ്ങിനെ യൂണീകോഡിലേക്ക് കണ്‍‌വര്‍ട്ട് ചെയ്യും, ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡുപയോഗിച്ച് എങ്ങിനെ യൂണീകോഡില്‍ ടൈപ്പ് ചെയ്യും എന്നതൊക്കെയായിരുന്നു അവരുടെ സംശയങ്ങള്‍. അവയ്ക്ക് ശില്പശാലയില്‍ വച്ചു തന്നെ മറുപടി നല്‍കിയിരുന്നെങ്കിലും, ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡുപയോഗിച്ച് ശീലിച്ചവര്‍ ബൂലോഗത്ത് ഇപ്പോഴും മൊഴിയും വരമൊഴിയുമൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് അവര്‍ക്കു വേണ്ടി ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയത്.

ഇന്ന് ഡിടിപി രംഗത്ത് പ്രധാനമായി ഉപയോഗിച്ചു വരുന്നത് ഐഎസ്‌എം ആണ്. അതിനുപയോഗിച്ചു വരുന്ന കീ ബോര്‍ഡ് ലേ ഔട്ട് ഇന്‍സ്ക്രിപ്റ്റും. ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡിനുള്ള ഏറ്റവും പ്രധാനമായ ഗുണം ഏത് ഭാഷയായാലും കീ ബോര്‍ഡ് ലേ ഔട്ട് മാറില്ലെന്നുള്ളതായിരുന്നു. ഈ കീബോര്‍ഡ് പരിശീലിച്ചവര്‍ ബ്ലോഗിംഗ് രംഗത്തേക്കു കടന്നു വരുമ്പോള്‍ ഫൊണറ്റിക് കീ ബോര്‍ഡ് ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതരാവുന്നതു മൂലം ടൈപ്പിംഗിനു പ്രശ്നങ്ങളുണ്ടാകുന്നു. ഒരു കീ ബോര്‍ഡ് ലേ ഔട്ട് പരിശീലിച്ചയാള്‍ മറ്റൊരു കീ ബോര്‍ഡ് ലേ ഔട്ടിലേക്കു മാറുക വളരെ ശ്രമകരമാണല്ലോ. വീണ്ടും ഡി ടി പി ജോലികള്‍ ചെയ്യുമ്പോള്‍ തിരിച്ചു ഇന്‍സ്ക്രിപ്റ്റിലേക്ക് പോകേണ്ടതായി വരുമ്പോള്‍ പ്രശ്നം രൂക്ഷമാകുന്നു. ഇതിനുള്ള ഏക പരിഹാരം ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് ലേ ഔട്ടുള്ള മലയാളം യൂണികോഡ് എഴുത്തുപകരണം ഉപയോഗിക്കുക എന്നുളളതാണല്ലൊ.

ഇതിനായി നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.മിഷനും, സി-ഡിറ്റും, കേരള സര്‍വ്വകലാശാലയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളം എന്ന സ്ഥാപനം ‘നിള’ എന്നൊരു സോഫ്റ്റ്വെയര്‍ 2004ല്‍ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്നാണ്. പൊതുജനങ്ങള്‍ക്ക് ഇവ സൌജന്യമായി ഇവിടെ‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. നിളയില്‍ നിള കലണ്ടര്‍, നിള കണ്‍‌വര്‍ട്ടര്‍, നിള എഡിറ്റര്‍, നിള കീ ബോര്‍ഡ്, നിള വെബ് ലിങ്കര്‍, യുണികോഡ് ഫോണ്ടുകള്‍, ഔദ്യോഗിക മലയാളം നിഘണ്ടു, ASCIIല്‍ നിന്നും യുണികോഡിലേക്കുള്ള കണ്‍‌വര്‍ട്ടര്‍ മുതലായവ ലഭ്യമാണ്.

നിങ്ങള്‍ മറ്റേതെങ്കിലും സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഫയലുകള്‍ നിളകണ്‍‌വര്‍ട്ടറിലൂടെ യൂണികോഡിലേക്ക് മാറ്റാന്‍ സാധിക്കുന്നു.

നിള എഡിറ്റര്‍ വളരെ ലളിതമായ ഒരു എഴുത്തുപകരണമാണ്. ടൈപ്പിംഗ് അറിയുന്നവര്‍ക്ക് 2 തരം കീ ബോര്‍ഡ് ലേ ഔട്ടുകള്‍ ലഭ്യമാണ്. ഫോണറ്റിക്കും, ഇന്‍സ്ക്രിപ്റ്റും.

നിള കീ ബോര്‍ഡ് ഐ.എസ്.എം മിനു സമാനമായ സോഫ്റ്റ്വെയറാണ്. പ്രസ്തുത കീ ബോര്‍ഡ് ഡ്രൈവര്‍ ഉപയോഗിച്ച് കീ പാഡ്, ഓപണ്‍ ഓഫീസ് മുതലായവയില്‍ നമുക്കു മലയാളം അനായാസം ടൈപ്പു ചെയ്തെടുക്കാം. ബ്ലോഗുകളില്‍ നേരിട്ട് കമന്റിടാനും ഇതുകൊണ്ട് സാധിക്കും. 2-3 ദിവസത്തെ പരിശീലനംകൊണ്ട് ഏതൊരാള്‍ക്കും ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡില്‍ പ്രാവീണ്യം നേടാവുന്നതേയുള്ളൂ. ഇന്‍സ്ക്രിപ്റ്റ് കൂടാതെ ഫോണറ്റിക് ഓപ്ഷനും നിളയില്‍ ലഭ്യമാണ്.

ഇന്‍സ്ക്രിപ്റ്റ് അറിയാത്തവര്‍ക്കും ഇതുപയോഗിച്ച് മലയാളം എഴുതാന്‍ സാധിക്കുന്നു. ഏറ്റവും മുകളിലുള്ള കീബോര്‍ഡില്‍ കാണുന്ന അക്ഷരങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.

ടൈപ്പ് ഇറ്റ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചും യൂണിക്കോഡിലേക്ക് മാറ്റാന്‍ വളരെ എളുപ്പമാണ്. ഇവിടെ ക്ലിക്ക് ചെയ്താല്‍ തുറന്നു വരുന്ന പേജില്‍ നിന്നും സെറ്റ് അപ്പ് പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അങ്ങിനെ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സെറ്റ് അപ്പ് പ്രോഗ്രാം ഡബിള്‍ ക്ളിക്ക് ചെയ്ത് ഇന്‍സ്റാള്‍ ചെയ്യുക. ഇന്‍സ്റാള്‍ ചെയ്തു കഴിയുമ്പോഴേക്കും start programmes ല്‍ typeit കാണാന്‍ സാധിക്കും. അവിടെ ക്ളിക്ക് ചെയ്താല്‍ ടൈപ്പ് ഇറ്റ് തുറന്നു വരും. ഇവിടെ മലയാളം ഇന്‍സ്ക്രിപ്പ്, മലയാളം ടൈപ്പ് റൈറ്റര്‍ എന്നീ കീബോര്‍ഡുകള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാം. കൂടാതെ ആസ്കീ (ASCI) ഫോര്‍മാറ്റിലുള്ളവ യൂണീകോഡിലേക്ക് കണ്‍വര്‍ട്ട് ചെയ്യാനും ഇവിടെ സൌകര്യമുണ്ട്. ആസ്കീ (ASCI) ഫോര്‍മാറ്റിലുള്ളവ ഈ വിന്‍ഡോവില്‍ പേസ്റ് ചെയ്ത ശേഷം ടൂള്‍സ് എന്ന ഓപ്ഷനില്‍ ക്ളിക്ക് ചെയ്താല്‍ അവ യൂണികോഡിലേക്ക് മാറി പുതിയൊരു വിന്‍ഡോവില്‍ ലഭിക്കും. അവിടെ നിന്നും കോപ്പി ചെയ്ത് ഉപയോഗിക്കുവാനും സാധിക്കുന്നു. അക്ഷരങ്ങള്‍.കോമിലും ലും ഇതേ രീതിയില്‍ യൂണികോഡിലേക്ക് കണ്‍‌വര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്.

നിളയെകുറിച്ച് 2007 ഞാന്‍ തന്നെ പബ്ലിഷ് ചെയ്ത നിളയെ പരിചയപ്പെടാം എന്ന പോസ്റ്റ് ഇതാ..

Friday, May 23, 2008

ചെറിയ ചില വര്‍ത്തമാനങ്ങള്‍

ബൂലോഗത്ത് കറങ്ങി നടക്കുമ്പോള്‍ പുതിയൊരു ബ്ലോഗ് ശ്രദ്ധയില്‍ പെട്ടു. ബ്ലോഗിന്റെ തല്‍ക്കെട്ടാണെന്നെ ആകര്‍ഷിച്ചത്, ചെറിയ ചില വര്‍ത്തമാനങ്ങള്‍. വലിയ വാര്‍ത്തകളും വലിയ വിശേഷങ്ങളും വലിയ തമാശകളും ഒരുപാടു നിറയുന്ന ഈ വലിയ ബൂലോഗത്തില്‍ ചെറിയ മനുഷ്യരുടെ ചെറിയ ജീവിതങ്ങളും ചെറിയ ചില ചിന്തകളും ചെറുതായി വരച്ചു ചേര്‍ക്കാന്‍ ഈ ചെറിയ ഇടമെന്നാണ് പ്രൊഫൈലില്‍ പറയുന്നത്.

ആദ്യ പോസ്റ്റ് വഴിയരികില്‍ കണ്ടു മുട്ടിയ വൃദ്ധ ദമ്പതികളെക്കുറിച്ചാണ്. രണ്ടാമത്തെ പോസ്റ്റ് ഭഗവാനെന്നൊരാളെക്കുറിച്ചാണ്. വഴിയരികില്‍ നാട്ടുകാരെ തെറിവിളിക്കുന്നൊരാളാണിദ്ദേഹം. ചെറിയ ചെറിയ വാക്കുകളില്‍ മിഴിവാര്‍ന്ന ചിത്രം വരച്ചിടാനായിട്ടുണ്ട് ഈ പോസ്റ്റില്‍.

അഗ്രിഗേറ്ററുകളിലൊന്നും ചെറിയ ചില വര്‍ത്തമാനങ്ങള്‍ കാണാത്തതിനാലാണീ കുറിപ്പ്.

Sunday, May 04, 2008

ഓണ്‍‌ലൈനിലല്ലെങ്കിലും പോസ്റ്റ് പബ്ലിഷ് ചെയ്യാം

ബ്ലോഗ് ചെയ്യുന്നവര്‍ക്കായി ബ്ലോഗര്‍ പുതിയൊരു സൌകര്യം ഒരുക്കിയിരിക്കുന്നു. ഇനി മുതല്‍ ഏത് സമയത്തും നമ്മള്‍ക്ക് പോസ്റ്റ് പബ്ലിഷ് ചെയ്യാം. നിങ്ങള്‍ കമ്പ്യൂട്ടറിനു മുന്നില്‍ വേണമെന്ന് നിര്‍ബന്ധമേയില്ല. നിങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് ബ്ലോഗര്‍ പോസ്റ്റ് പ്രസിദ്ധീകരിക്കും. നിങ്ങള്‍ അവധിയിലോ, യാത്രയിലോ ആകട്ടെ, നിങ്ങള്‍ പോസ്റ്റെഴുതി പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുവാനുള്ള ദിവസവും സമയവും നിശ്ചയിച്ചു നല്‍കുക... അത്രമാത്രം മതി, ബാക്കി ബ്ലോഗര്‍ നോക്കി കൊള്ളും.ഇപ്പോള്‍ പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യുന്ന സമയത്ത് ആ വിന്‍ഡോവിനു താഴെ Post Options എന്നൊരു ഐക്കണ്‍ പുതുതായി കാണാം. അവിടെ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് ചെയ്യേണ്ട സമയം നിശ്ചയിക്കാം.


ഈ പോസ്റ്റ് ഞാനെഴുതുന്നത് 3 മണിക്കാണ്. ഇതു പ്രസിദ്ധീകരിക്കാന്‍ 3.30 മണി നിശ്ചയിച്ചു കൊടുക്കാം. തീയ്യതി mm/dd/yy ഫോര്‍മാറ്റിലാണുള്ളത്. ഇതിലൂടെ തന്നെ പരിക്ഷിക്കാമല്ലൊ. അപ്പൊ ഇനി ഓണ്‍ലൈനില്‍ വേണമെന്നില്ല, പോസ്റ്റ് പബ്ലിഷ് ചെയ്യാന്‍...

പബ്ലിഷ് ചെയ്യാന്‍ വേണ്ടി സമയവും തീയ്യതിയും നിശ്ചയിച്ച് പബ്ലിഷ് പോസ്റ്റില്‍ ക്ലിക്ക് ചെയ്താല്‍ ഏത് സമയത്തേക്കായാണ് schedule ചെയ്തിരിക്കുന്നതെന്നു കാ‍ണാം, ആവശ്യമെങ്കില്‍ അത് എഡിറ്റ് ചെയ്ത് മാറ്റുകയുമാവാം.

അപ്പൊ അങ്ങിനെ തന്നെ, ഹാപ്പി ബ്ലോഗിംഗ്...