Tuesday, May 27, 2008

നിള - ഇന്‍സ്ക്രിപ്റ്റിലെഴുതാന്‍ ഒരു സോഫ്റ്റ്വെയര്‍

ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 3 ശില്പശാലകള്‍ നടക്കുകയുണ്ടായല്ലൊ. മൂന്നിടത്തും മലയാളം എഴുത്തുപകരണങ്ങളെ പരിചയപ്പെടുത്തിയത് ഞാനായിരുന്നു.


ശില്പശാലയില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും ഐ.എസ്.എം. പരിചയമുണ്ടായിരുന്നു (ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ്). അവരുടെ നിരവധി രചനകള്‍ ASCI ഫോര്‍മാറ്റില്‍ സംഭരിച്ചു വച്ചിട്ടുമുണ്ടായിരുന്നു. അവ എങ്ങിനെ യൂണീകോഡിലേക്ക് കണ്‍‌വര്‍ട്ട് ചെയ്യും, ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡുപയോഗിച്ച് എങ്ങിനെ യൂണീകോഡില്‍ ടൈപ്പ് ചെയ്യും എന്നതൊക്കെയായിരുന്നു അവരുടെ സംശയങ്ങള്‍. അവയ്ക്ക് ശില്പശാലയില്‍ വച്ചു തന്നെ മറുപടി നല്‍കിയിരുന്നെങ്കിലും, ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡുപയോഗിച്ച് ശീലിച്ചവര്‍ ബൂലോഗത്ത് ഇപ്പോഴും മൊഴിയും വരമൊഴിയുമൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് അവര്‍ക്കു വേണ്ടി ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയത്.

ഇന്ന് ഡിടിപി രംഗത്ത് പ്രധാനമായി ഉപയോഗിച്ചു വരുന്നത് ഐഎസ്‌എം ആണ്. അതിനുപയോഗിച്ചു വരുന്ന കീ ബോര്‍ഡ് ലേ ഔട്ട് ഇന്‍സ്ക്രിപ്റ്റും. ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡിനുള്ള ഏറ്റവും പ്രധാനമായ ഗുണം ഏത് ഭാഷയായാലും കീ ബോര്‍ഡ് ലേ ഔട്ട് മാറില്ലെന്നുള്ളതായിരുന്നു. ഈ കീബോര്‍ഡ് പരിശീലിച്ചവര്‍ ബ്ലോഗിംഗ് രംഗത്തേക്കു കടന്നു വരുമ്പോള്‍ ഫൊണറ്റിക് കീ ബോര്‍ഡ് ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതരാവുന്നതു മൂലം ടൈപ്പിംഗിനു പ്രശ്നങ്ങളുണ്ടാകുന്നു. ഒരു കീ ബോര്‍ഡ് ലേ ഔട്ട് പരിശീലിച്ചയാള്‍ മറ്റൊരു കീ ബോര്‍ഡ് ലേ ഔട്ടിലേക്കു മാറുക വളരെ ശ്രമകരമാണല്ലോ. വീണ്ടും ഡി ടി പി ജോലികള്‍ ചെയ്യുമ്പോള്‍ തിരിച്ചു ഇന്‍സ്ക്രിപ്റ്റിലേക്ക് പോകേണ്ടതായി വരുമ്പോള്‍ പ്രശ്നം രൂക്ഷമാകുന്നു. ഇതിനുള്ള ഏക പരിഹാരം ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് ലേ ഔട്ടുള്ള മലയാളം യൂണികോഡ് എഴുത്തുപകരണം ഉപയോഗിക്കുക എന്നുളളതാണല്ലൊ.

ഇതിനായി നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി.മിഷനും, സി-ഡിറ്റും, കേരള സര്‍വ്വകലാശാലയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക് കമ്പ്യൂ‍ട്ടിംഗ് കേരളം എന്ന സ്ഥാപനം ‘നിള’ എന്നൊരു സോഫ്റ്റ്വെയര്‍ 2004ല്‍ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്നാണ്. പൊതുജനങ്ങള്‍ക്ക് ഇവ സൌജന്യമായി ഇവിടെ‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. നിളയില്‍ നിള കലണ്ടര്‍, നിള കണ്‍‌വര്‍ട്ടര്‍, നിള എഡിറ്റര്‍, നിള കീ ബോര്‍ഡ്, നിള വെബ് ലിങ്കര്‍, യുണികോഡ് ഫോണ്ടുകള്‍, ഔദ്യോഗിക മലയാളം നിഘണ്ടു, ASCIIല്‍ നിന്നും യുണികോഡിലേക്കുള്ള കണ്‍‌വര്‍ട്ടര്‍ മുതലായവ ലഭ്യമാണ്.

നിങ്ങള്‍ മറ്റേതെങ്കിലും സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഫയലുകള്‍ നിളകണ്‍‌വര്‍ട്ടറിലൂടെ യൂണികോഡിലേക്ക് മാറ്റാന്‍ സാധിക്കുന്നു.

നിള എഡിറ്റര്‍ വളരെ ലളിതമായ ഒരു എഴുത്തുപകരണമാണ്. ടൈപ്പിംഗ് അറിയുന്നവര്‍ക്ക് 2 തരം കീ ബോര്‍ഡ് ലേ ഔട്ടുകള്‍ ലഭ്യമാണ്. ഫോണറ്റിക്കും, ഇന്‍സ്ക്രിപ്റ്റും.

നിള കീ ബോര്‍ഡ് ഐ.എസ്.എം മിനു സമാനമായ സോഫ്റ്റ്വെയറാണ്. പ്രസ്തുത കീ ബോര്‍ഡ് ഡ്രൈവര്‍ ഉപയോഗിച്ച് കീ പാഡ്, ഓപണ്‍ ഓഫീസ് മുതലായവയില്‍ നമുക്കു മലയാളം അനായാസം ടൈപ്പു ചെയ്തെടുക്കാം. ബ്ലോഗുകളില്‍ നേരിട്ട് കമന്റിടാനും ഇതുകൊണ്ട് സാധിക്കും. 2-3 ദിവസത്തെ പരിശീലനംകൊണ്ട് ഏതൊരാള്‍ക്കും ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡില്‍ പ്രാവീണ്യം നേടാവുന്നതേയുള്ളൂ. ഇന്‍സ്ക്രിപ്റ്റ് കൂടാതെ ഫോണറ്റിക് ഓപ്ഷനും നിളയില്‍ ലഭ്യമാണ്.

ഇന്‍സ്ക്രിപ്റ്റ് അറിയാത്തവര്‍ക്കും ഇതുപയോഗിച്ച് മലയാളം എഴുതാന്‍ സാധിക്കുന്നു. ഏറ്റവും മുകളിലുള്ള കീബോര്‍ഡില്‍ കാണുന്ന അക്ഷരങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.

ടൈപ്പ് ഇറ്റ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചും യൂണിക്കോഡിലേക്ക് മാറ്റാന്‍ വളരെ എളുപ്പമാണ്. ഇവിടെ ക്ലിക്ക് ചെയ്താല്‍ തുറന്നു വരുന്ന പേജില്‍ നിന്നും സെറ്റ് അപ്പ് പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അങ്ങിനെ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സെറ്റ് അപ്പ് പ്രോഗ്രാം ഡബിള്‍ ക്ളിക്ക് ചെയ്ത് ഇന്‍സ്റാള്‍ ചെയ്യുക. ഇന്‍സ്റാള്‍ ചെയ്തു കഴിയുമ്പോഴേക്കും start programmes ല്‍ typeit കാണാന്‍ സാധിക്കും. അവിടെ ക്ളിക്ക് ചെയ്താല്‍ ടൈപ്പ് ഇറ്റ് തുറന്നു വരും. ഇവിടെ മലയാളം ഇന്‍സ്ക്രിപ്പ്, മലയാളം ടൈപ്പ് റൈറ്റര്‍ എന്നീ കീബോര്‍ഡുകള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാം. കൂടാതെ ആസ്കീ (ASCI) ഫോര്‍മാറ്റിലുള്ളവ യൂണീകോഡിലേക്ക് കണ്‍വര്‍ട്ട് ചെയ്യാനും ഇവിടെ സൌകര്യമുണ്ട്. ആസ്കീ (ASCI) ഫോര്‍മാറ്റിലുള്ളവ ഈ വിന്‍ഡോവില്‍ പേസ്റ് ചെയ്ത ശേഷം ടൂള്‍സ് എന്ന ഓപ്ഷനില്‍ ക്ളിക്ക് ചെയ്താല്‍ അവ യൂണികോഡിലേക്ക് മാറി പുതിയൊരു വിന്‍ഡോവില്‍ ലഭിക്കും. അവിടെ നിന്നും കോപ്പി ചെയ്ത് ഉപയോഗിക്കുവാനും സാധിക്കുന്നു. അക്ഷരങ്ങള്‍.കോമിലും ലും ഇതേ രീതിയില്‍ യൂണികോഡിലേക്ക് കണ്‍‌വര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്.

നിളയെകുറിച്ച് 2007 ഞാന്‍ തന്നെ പബ്ലിഷ് ചെയ്ത നിളയെ പരിചയപ്പെടാം എന്ന പോസ്റ്റ് ഇതാ..

Friday, May 23, 2008

ചെറിയ ചില വര്‍ത്തമാനങ്ങള്‍

ബൂലോഗത്ത് കറങ്ങി നടക്കുമ്പോള്‍ പുതിയൊരു ബ്ലോഗ് ശ്രദ്ധയില്‍ പെട്ടു. ബ്ലോഗിന്റെ തല്‍ക്കെട്ടാണെന്നെ ആകര്‍ഷിച്ചത്, ചെറിയ ചില വര്‍ത്തമാനങ്ങള്‍. വലിയ വാര്‍ത്തകളും വലിയ വിശേഷങ്ങളും വലിയ തമാശകളും ഒരുപാടു നിറയുന്ന ഈ വലിയ ബൂലോഗത്തില്‍ ചെറിയ മനുഷ്യരുടെ ചെറിയ ജീവിതങ്ങളും ചെറിയ ചില ചിന്തകളും ചെറുതായി വരച്ചു ചേര്‍ക്കാന്‍ ഈ ചെറിയ ഇടമെന്നാണ് പ്രൊഫൈലില്‍ പറയുന്നത്.

ആദ്യ പോസ്റ്റ് വഴിയരികില്‍ കണ്ടു മുട്ടിയ വൃദ്ധ ദമ്പതികളെക്കുറിച്ചാണ്. രണ്ടാമത്തെ പോസ്റ്റ് ഭഗവാനെന്നൊരാളെക്കുറിച്ചാണ്. വഴിയരികില്‍ നാട്ടുകാരെ തെറിവിളിക്കുന്നൊരാളാണിദ്ദേഹം. ചെറിയ ചെറിയ വാക്കുകളില്‍ മിഴിവാര്‍ന്ന ചിത്രം വരച്ചിടാനായിട്ടുണ്ട് ഈ പോസ്റ്റില്‍.

അഗ്രിഗേറ്ററുകളിലൊന്നും ചെറിയ ചില വര്‍ത്തമാനങ്ങള്‍ കാണാത്തതിനാലാണീ കുറിപ്പ്.

Sunday, May 04, 2008

ഓണ്‍‌ലൈനിലല്ലെങ്കിലും പോസ്റ്റ് പബ്ലിഷ് ചെയ്യാം

ബ്ലോഗ് ചെയ്യുന്നവര്‍ക്കായി ബ്ലോഗര്‍ പുതിയൊരു സൌകര്യം ഒരുക്കിയിരിക്കുന്നു. ഇനി മുതല്‍ ഏത് സമയത്തും നമ്മള്‍ക്ക് പോസ്റ്റ് പബ്ലിഷ് ചെയ്യാം. നിങ്ങള്‍ കമ്പ്യൂട്ടറിനു മുന്നില്‍ വേണമെന്ന് നിര്‍ബന്ധമേയില്ല. നിങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് ബ്ലോഗര്‍ പോസ്റ്റ് പ്രസിദ്ധീകരിക്കും. നിങ്ങള്‍ അവധിയിലോ, യാത്രയിലോ ആകട്ടെ, നിങ്ങള്‍ പോസ്റ്റെഴുതി പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുവാനുള്ള ദിവസവും സമയവും നിശ്ചയിച്ചു നല്‍കുക... അത്രമാത്രം മതി, ബാക്കി ബ്ലോഗര്‍ നോക്കി കൊള്ളും.ഇപ്പോള്‍ പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യുന്ന സമയത്ത് ആ വിന്‍ഡോവിനു താഴെ Post Options എന്നൊരു ഐക്കണ്‍ പുതുതായി കാണാം. അവിടെ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് ചെയ്യേണ്ട സമയം നിശ്ചയിക്കാം.


ഈ പോസ്റ്റ് ഞാനെഴുതുന്നത് 3 മണിക്കാണ്. ഇതു പ്രസിദ്ധീകരിക്കാന്‍ 3.30 മണി നിശ്ചയിച്ചു കൊടുക്കാം. തീയ്യതി mm/dd/yy ഫോര്‍മാറ്റിലാണുള്ളത്. ഇതിലൂടെ തന്നെ പരിക്ഷിക്കാമല്ലൊ. അപ്പൊ ഇനി ഓണ്‍ലൈനില്‍ വേണമെന്നില്ല, പോസ്റ്റ് പബ്ലിഷ് ചെയ്യാന്‍...

പബ്ലിഷ് ചെയ്യാന്‍ വേണ്ടി സമയവും തീയ്യതിയും നിശ്ചയിച്ച് പബ്ലിഷ് പോസ്റ്റില്‍ ക്ലിക്ക് ചെയ്താല്‍ ഏത് സമയത്തേക്കായാണ് schedule ചെയ്തിരിക്കുന്നതെന്നു കാ‍ണാം, ആവശ്യമെങ്കില്‍ അത് എഡിറ്റ് ചെയ്ത് മാറ്റുകയുമാവാം.

അപ്പൊ അങ്ങിനെ തന്നെ, ഹാപ്പി ബ്ലോഗിംഗ്...