ജനത്തിരക്കുമൂലം ശ്വാസം മുട്ടുന്ന കണ്ണൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്റ് വികസിപ്പിക്കാനാവാത്ത സ്ഥിതിയിലാണ് താവക്കരയില്‍ പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മിക്കാന്‍ ആലോചിച്ചത്. കേരള സര്‍ക്കാരിന്റെ സംയുക്ത സംരംഭമായ ഐ.സി.ഐ.സി.ഐ കിന്‍ഫ്രയാണ് രൂപരേഖ തയ്യാറാക്കി പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം വഹിച്ചത്. ഐ.സി.ഐ.സി.ഐ കിന്‍ഫ്രയുടെ കണ്ണൂര്‍ക്കാരനായ എം.ഡി. ശരത് ചന്ദ്രന്റെ പ്രത്യേക താല്പര്യം ഈ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ ആര്‍കോണിലെ ദീപക് ആണ് ഇതിന്റെ ആര്‍ക്കിടെക്റ്റ്.
ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചാണ് പദ്ധതിയുടെ ബി.ഒ.ടി നടത്തിപ്പുകാരായി കെ.കെ.ബില്‍ഡേര്‍സിനെ തിരഞ്ഞെടുത്തത്. ആകെ 4 സ്ഥാപനങ്ങളാണ് പദ്ധതിയുടെ നടത്തിപ്പിനായി മുന്നോട്ട് വന്നിരുന്നത്. ബസ് ടെര്‍മിനല്‍ ബ്‌ളോക്ക്, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ഗസ്റ്റ് ഹൗസ്, തൊഴിലാളികള്‍ക്കുവേണ്ടിയുള്ള വിശ്രമമുറികള്‍, പേ & യൂസ് ടോയ്ലറ്റുകള്‍, പോലീസ് എയ്‌ഡ് പോസ്റ്റ് എന്നിവ അടങ്ങുന്നതാണ് ഈ പ്രൊജക്‌ട്.
ഈ ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ ഏറ്റവും പ്രധാന സവിശേഷത വനിതാ യാത്രക്കാര്‍ക്കായി ഒരു ഡോര്‍മിറ്ററി തയ്യാറാക്കിയിട്ടുണ്ടെന്നുള്ളതാണ്. അസമയത്ത് ബസ്സ് സ്റ്റാന്റുകളില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെല്ലായിടത്തും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം ഇന്നു നടന്നെങ്കിലും അടുത്ത ഞായറാഴ്ച മാത്രമേ ഇവിടെ നിന്നും ബസ് സര്‍വ്വീസ് ആരംഭിക്കുകയുള്ളൂ. പുതിയ ബസ് സ്റ്റാന്റ് വരുന്നതോടു കൂടി പഴയ ബസ് സ്റ്റാന്റിലെ കച്ചവടം കുറയുമെന്ന ഭീതിയില്‍ പ്രതിഷേധ സമരങ്ങളുമായി വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഈ ആവശ്യമുന്നയിച്ച് കണ്ണൂര്‍ ടൌണില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. പുതിയ ബസ് സ്റ്റാന്റ് വരുന്നതോടു കൂടി യാത്രക്കാര്‍ക്ക് രണ്ടു ബസ്സ് സ്റ്റാന്റുകള്‍ക്കുമിടയില്‍ നെട്ടോട്ടമോടേണ്ടി വരുമെന്ന ഭീതിയുമുണ്ട്. ഏതൊക്കെ ബസ്സുകള്‍ എവിടെയൊക്കെ നിന്ന് ആരംഭിക്കുമെന്ന കാര്യത്തിലും ഇനിയും അവസാന തീരുമാനമായിട്ടില്ല.