ഇന്നേറ്റവും കൂടുതലായി കേള്‍ക്കുന്നതാണ് തേങ്ങപറിക്കാന്‍ ആളെകിട്ടാനില്ലെന്ന്. തേങ്ങ പറിക്കാന്‍ മാത്രമല്ല, മറ്റു പല ജോലികള്‍ക്കും ആളെ കിട്ടാനില്ലെന്ന പരാതിയുമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ അക്ഷയ ഒരു പുതിയ വെബ് സൈറ്റ് തുടങ്ങിയിരിക്കുന്നു. എന്റെ ഗ്രാമം. പ്രസ്തുത സൈറ്റില്‍ ഓരോ പഞ്ചായത്തിലെയും തൊഴിലാളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് സംഭരിച്ചിരിക്കുന്നു. പേരും വിലാസവും മാത്രമല്ല, മൊബൈല്‍ നമ്പറുണ്ടെങ്കില്‍ അതുപോലും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അഴീക്കോട്, തലശ്ശേരി, ശ്രീകണ്ഠപുരം, പിണറായി, പാപ്പിനിശ്ശേരി, മാലൂര്‍, എരമം-കുറ്റൂര്‍, മുഴപ്പിലങ്ങാട്, പായം, വേങ്ങാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവരങ്ങളാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്.
ഓരോ പഞ്ചായത്ത് പരിധിയിലെയും വാര്‍ത്തകളും, അടിസ്ഥാനവിവരങ്ങളും ഒക്കെ ഈ സൈറ്റില്‍ ലഭ്യമാണ്. ഒപ്പം ലേബര്‍ ബാങ്ക് എന്ന തലക്കെട്ടില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാണ്. വെല്‍ഡര്‍മാര്‍, മാര്‍ബിള്‍ ജോലിക്കാര്‍ തുടങ്ങി തെയ്യം കലാകാരന്മാരുടെ വരെ പേരും ഫോണ്‍ നമ്പറും ഈ സൈറ്റില്‍ കാണാം.
തൊഴിലാളികള്‍ക്കും തൊഴില്‍ദായകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഈ സംരംഭം പ്രശംസനീയം തന്നെ. എത്രയും പെട്ടെന്ന് മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു കൂടി ഇതു വ്യാപിപ്പിക്കും എന്ന് പ്രത്യാശിക്കാം.
(ഈ വിവരം എന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന അമൃതാ ടിവിയിലെ ശ്രീജിത് കെ വാരിയറിനു നന്ദി)